പാർട്ട് 1 - ക്യാമറ
- Sam Snapz

- Jan 21, 2020
- 3 min read
Updated: Feb 13, 2020
ഫോട്ടോഗ്രാഫിയെ കുറിച്ച് പറയുമ്പോൾ തന്നെ ആദ്യമായി മനസ്സിൽ ഓടി എത്തുന്ന കാര്യം ക്യാമറ ആണല്ലോ.. അത് കൊണ്ട് തന്നെ നമുക്ക് അതിൽ നിന്നും തുടങ്ങാം..
എന്താണ് ക്യാമറ എന്നും അതിന്റെ പ്രവർത്തന രീതി എന്താണെന്നു ഉള്ള തിയറിയുമൊക്കെ ചർച്ച ചെയ്തത് കൊണ്ട് പ്രത്യേകിച്ച് കാര്യം ഇല്ലാത്തതിനാൽ നമ്മൾ ഇന്ന് കാണുന്ന ക്യാമറകളെ കുറിച്ച് ആവാം ഈ പോസ്റ്റ് എന്ന് കരുതുന്നു..
നമ്മൾ പലപ്പോഴായി കേട്ട് പരിചയിച്ച കണ്ട് പരിചയിച്ച ഫിലിം ഇടുന്ന തരത്തിൽ ഉള്ള ക്യാമറകൾ അല്ല ഇന്ന്.. എല്ലാം ഡിജിറ്റൽ ആയി മാറിക്കഴിഞ്ഞു.. ഈ ഒരു ഘട്ടത്തിൽ നമ്മൾ കേട്ട് കൊണ്ടിരിക്കുന്ന 3 വിഭാഗം ക്യാമറകളെ അറിയാൻ നമുക്ക് ശ്രമിക്കാം..
1.പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ

പോക്കറ്റിൽ കൊണ്ട് നടക്കാൻ കഴിയുന്ന ഏതൊരു അവസരത്തിലും പെട്ടെന്ന് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന കുഞ്ഞു ക്യാമറകൾ ആണ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ..
ചിത്രത്തിന്റെ നിലവാരത്തെക്കാളും ഉപയോഗിക്കാൻ ഉള്ള എളുപ്പവും കുറഞ്ഞ വിലയും ആണ് ഒരാള് നോക്കുന്നത് എങ്കിൽ ഇത്തരം ക്യാമറകൾ ആവും അഭികാമ്യം. ഒപ്റ്റിക്കൽ സും ഡിജിറ്റൽ സൂം തുടങ്ങിയ കാര്യങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ അനുസരിച്ച് വിലയും മാറി വരും..
ഇന്നത്തെ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിൽ ചിത്രങ്ങൾ നോക്കി കാണാൻ പ്രത്യേക ലെൻസ്( വ്യൂ ഫൈൻഡറുകൾ) ഇല്ല.. ക്യാമറയിലെ സ്ക്രീനിൽ കാണുന്ന ചിത്രങ്ങൾ അതേപടി പകർത്തി സൂക്ഷിക്കുകയാണ് ക്യാമറ ചെയ്യുന്നത്.
ഇതിന്റെ പ്രധാന പോരായ്മകൾ എന്ന് പറയുന്നത് വെളിച്ചക്കുറവ് ഉള്ള സമയങ്ങളിൽ എടുക്കുന്ന ചിത്രങ്ങൾ നിലവാരം പുലർത്തുന്നില്ല എന്നതാണ്.. മറ്റൊന്ന് നമ്മൾ ക്ലിക്ക് ചെയ്ത ഉടനെ പ്രോസസ്സ് ചെയ്ത് ഫോട്ടോ ആക്കി മാറ്റാൻ എടുക്കുന്ന സമയം ആണ്.. ചെറിയ ഒരു delay ഉണ്ടാകുന്നത് കൊണ്ട് തന്നെ ചലിക്കുന്ന രംഗങ്ങൾ പകർത്താൻ ബുദ്ധിമുട്ട് ആയിരിക്കും..
2. SLR

ഈ ഒരു പദവും ഏവർക്കും പരിചിതം ആയിരിക്കും.. സിംഗിൾ ലെൻസ് റഫ്ലക്സ് എന്നതാണ് ഇതിന്റെ പൂർണ രൂപം.. ഫോട്ടോയുടെ നിലവാരത്തിൽ ശ്രദ്ധ കൊടുക്കുന്ന ഫോട്ടോഗ്രഫി കുറച്ച് കൂടി സീരിയസ് ആയി എടുക്കുന്ന ആൾക്കാരെ ഉദ്ദേശിച്ച് ഉള്ളത് ആണ് SLR ക്യാമറകൾ.
ലെൻസുകളുടെ സെലക്ഷൻ, പ്രകാശ നിയന്ത്രണങ്ങൾ, ഫോക്കസ് തുടങ്ങി അനവധി കാര്യങ്ങള് manual ആയി ചെയ്യാൻ ഉള്ള സൗകര്യങ്ങൾ ആണ് ഒരു SLR ക്യാമറയെ മികച്ചതാക്കി മാറ്റുന്നത്.. ഇവിടെ ഫ്രെയിം കമ്പോസ് ചെയ്യുമ്പോഴും ഫോട്ടോഗ്രാഫർ നോക്കുന്നത് ഒരേ ലെൻസിൽ കൂടി തന്നെ ആണ്.. അത് കൊണ്ടാണ് ഈ ഒരു പേര് വരാൻ കാരണവും..
ഇതിന്റെ മെച്ചം എന്താണെന്ന് വെച്ചാൽ നമ്മൾ വ്യൂ ഫൈൻഡറിൽ കാണുന്ന അതേ ദൃശ്യം തന്നെ ഫോട്ടോ എടുത്താൽ ലഭിക്കുന്നു എന്നുള്ളതാണ്.. DSLR എന്ന വാക്ക് കേൾക്കാത്തവർ ആയി ആരും ഉണ്ടാകില്ല എന്ന് തോന്നുന്നു.. ഡിജിറ്റൽ സിംഗിൾ ലെൻസ് റഫ്ളക്സ് എന്നതാണ് ഇതിന്റെ പൂർണ രൂപം..
DSLR തന്നെ അതിലെ ഫീച്ചർസ് വില എന്നിവയ്ക്ക് അനുസരിച്ചു പല വിഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.. ഇത്തരം ക്യാമറകളിൽ manual ആയി എല്ലാം സെറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ഓട്ടോമാറ്റിക് മോഡുകളും ലഭ്യമാണ്..
എടുക്കേണ്ട സാഹചര്യങ്ങൾക്കനുസരിച്ച് ക്യാമറകളുടെ ലെൻസ് നമുക്ക് മാറി മാറി ഉപയോഗിക്കാൻ ഉള്ള സൗകര്യം കൂടി ഇത്തരം ക്യാമറകൾ പ്രദാനം ചെയ്യുന്നു.. കൂടെ തന്നെ ഫോട്ടോഗ്രഫി മെച്ചപ്പെടുത്താൻ ഉള്ള ധാരാളം ആകസ്സോറികളും ഇത്തരം ക്യാമറകളുടെ കൂടെ ചേർത്ത് ഉപയോഗിക്കാൻ കഴിയും(ഉദാഹരണത്തിന് എക്സ്റ്റേണൽ ഫ്ലാഷ്).
വില ഒരു പ്രശ്നം അല്ലാത്തവർക്ക് ഫോട്ടോഗ്രഫിയിൽ അഭിനിവേശം ആയി കാണുന്നവർക്ക് ഒക്കെ ഇത്തരം ക്യാമറകൾ ആണ് പ്രിയം..
എന്ത് കൊണ്ട് DSLR?
ഏതു രീതിയിൽ വേണമെങ്കിലും കൈകാര്യം ചെയ്യാൻ ഉള്ള കഴിവ്.
വെളിച്ചക്കുറവിലും മിഴിവാർന്ന ദൃശ്യങ്ങൾ സമ്മാനിക്കാൻ ഉള്ള കഴിവ്.
പലതരം ലെൻസുകൾ മാറ്റി മാറ്റി ഉപയോഗിക്കാൻ ഉള്ള കഴിവ്..
ക്യാമറയുടെ നിർമാണം അതിൽ ഉപയോഗിച്ചിരിക്കുന്ന സെൻസറുകൾ തുടങ്ങിയവയ്ക്ക് അനുസരിച്ച് വിലയിലും എടുക്കുന്ന ചിത്രങ്ങളിലും വ്യത്യസ്തത ഉണ്ടാകും..
3. ബ്രിഡ്ജ് ക്യാമറ

എന്താണ് ഒരു ബ്രിഡ്ജ് ക്യാമറ..?
രണ്ടു തരത്തിൽ ഉള്ള ക്യാമറകളെ നമ്മൾ മുകളിൽ കണ്ടൂ.. അതിൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ ഫീച്ചറുകളും കൂടെ അൽപം DSLR ഫീച്ചറുകളും ചേർന്നത് ആണ് ഒരു ബ്രിഡ്ജ് ക്യാമറ എന്ന് പറയുന്നത്.
സാധാരണ പോയിന്റ് ക്യാമറകളിൽ കാണുന്നതിലും വലിയ ലെൻസുകളും പിന്നെ വലിയ സെൻസറും ഇത്തരം ക്യാമറകളിൽ ഉണ്ടായിരിക്കും.
DSLR ക്യാമറയോളം വലിപ്പം ഉണ്ടെങ്കിലും ലെൻസുകൾ മാറ്റി മാറ്റി ഉപയോഗിക്കാൻ സാധ്യമല്ല.. എങ്കിലും അത്യാവശ്യം manual ആയി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഇത്തരം ക്യാമറകൾക്ക് ഉണ്ട്.
ഇവയ്ക്ക് ഉള്ള മെച്ചം എന്താണെന്ന് വെച്ചാൽ ഇത്തരം ക്യാമറകൾ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളെ അപേക്ഷിച്ച് കൂടുതൽ ഒപ്റ്റിക്കൽ സും പ്രദാനം ചെയ്യുന്നു എന്നുള്ളതാണ്.
4. മിറർ ലെസ്സ് (Mirrorless) ക്യാമറ ?

വ്യത്യസ്ത ലെൻസുകൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ ക്യാമറ, ഡിജിറ്റൽ എസ് എൽ ആർ (ഡിഎസ്എൽആർ) എന്നതിനേക്കാളും കനംകുറഞ്ഞതും എന്നാൽ ഡി എസ് എൽ ആറു പോലെ ഉപയോഗിക്കാൻ കഴിയുന്നതുമായ "മിറർലെസ്സ് ഇന്റർ ചേയ്ഞ്ചബിൾ ലെൻസ് ക്യാമറ" എന്താണെന്ന് അറിയാൻ നമുക്ക് ഒന്ന് ശ്രമിക്കാം.
സിംഗിൾ ലെൻസ് റിഫ്ലക്സ് ക്യാമറ പോലെയുള്ള ഒന്നിലധികം ലെൻസുകളെ പിന്തുണയ്ക്കുകയും സാധാരണയായി ഓപ്ഷണൽ വ്യൂഫൈൻഡർ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതിനാലാണ് മിറർലസ് എസ്എൽആർസ് എന്നു അറിയപ്പെടുന്നത്. 2008 ലാണ് ഇത് അവതരിക്കപ്പെട്ടത് എങ്കിലും ഇപ്പോഴാണ് പ്രചാരത്തിൽ വന്നു തുടങ്ങിയത്.
പേര് സൂചിപ്പിക്കുന്നത് പോലെ, ഡിഎൽഎൽആർ ക്യാമറകളുടെ ഒരു പ്രധാന ഘടകമായ റിഫ്ലക്സ് ദർപ്പണം ആവശ്യമില്ലാത്ത ഒരു ക്യാമറ ആണ് മിറർലസ് ക്യാമറ. ഒരു ഡി എസ് എൽ ആറിലെ മിറർ ഓപ്റ്റിക്കൽ വ്യൂഫൈൻഡറിലേക്ക് വെളിച്ചം പ്രതിഫലിപ്പിക്കുന്നു. എന്നാൽ ഇവിടെ മിറർ ഇല്ലാത്ത ക്യാമറയിൽ ഒപ്റ്റിക്കൽ വ്യൂഫൈൻഡറുകളൊന്നുമില്ല. പകരം ചിത്രത്തിന്റെ ഒരു ഡിജിറ്റൽ പ്രിവ്യു എൽസിഡി സ്ക്രീനിൽ അല്ലെങ്കിൽ ഒരു ഇലക്ട്രോണിക് വ്യൂഫൈൻഡർ (ഇ.വി.എഫ്) യിൽ പ്രദര്ശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ വ്യൂ ഫൈൻഡറിൽ കാണുന്ന അതെ ഫോട്ടോ തന്നെ പ്രോസസ്സ് ചെയ്ത ശേഷവും ലഭിക്കുന്നു.
മാത്രമല്ല മിറാർ ഇല്ലാത്തതു കൊണ്ട് തന്നെ വലിപ്പത്തിലും വലിയ കുറവ് വന്നു. ഇപ്പോഴുള്ള ഡി എസ് എൽ ആർ ക്യാമറകളെ പോലെ ബാറ്ററി ബാക്കപ്പ് ഇല്ല ഇത്തരം ക്യാമറകൾക്ക് എന്നതാണ് ഒരു പോരായ്മ.
- Sam Snapz




Comments