പാർട്ട് 8 - ഫോട്ടോഗ്രാഫി റൂൾസ് / കോമ്പോസിഷൻ
- Sam Snapz

- Sep 24, 2020
- 3 min read
ഒരു ഫോട്ടോയുടെ പ്രധാന വിഷയം (subject), ഫോട്ടോയുടെ എവിടെ പ്രതിഷ്ഠിക്കണം (കോമ്പോസിഷൻ) എന്നതിനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഫോട്ടോഗ്രാഫി റൂൾസ് എന്നത് കൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്.
റൂൾസ് പ്രയോഗിച്ചത് കൊണ്ട് മാത്രമേ ഫോട്ടോ നന്നാകൂ എന്നില്ല എങ്കിലും ഫോട്ടോഗ്രാഫി റൂൾസ് ഉപയോഗിക്കുന്നത് വഴി നമ്മൾ എടുക്കുന്ന ഫോട്ടോ ഒരു കാഴ്ചക്കാരന്റെ കണ്ണിൽ ആഴത്തിൽ പതിയാൻ ഇടയാക്കും.
ഒരുപാട് റൂൾസ് പറയാറുണ്ട് എങ്കിലും പൊതുവായി നാം കാണുന്ന കുറച്ചു ഫോട്ടോഗ്രാഫി റൂൾസ് ആണ് ഇവിടെ പറയാൻ പോകുന്നത്.
1. ഫിൽ ദി ഫ്രെയിം (ക്രോപ്പിംഗ്)
നമ്മൾ ഒരു ദൃശ്യം പകർത്തുമ്പോൾ ബാക്ക്ഗ്രൗണ്ട് നന്നല്ല എങ്കിൽ അല്ലേൽ നമ്മുടെ പ്രധാന സബ്ജെക്ട് പോലെ തന്നെ ഒരുപാട് വസ്തുക്കൾ / വ്യക്തികൾ ബാക്ക്ഗ്രൗണ്ടിൽ ഉണ്ട് എങ്കിൽ നമ്മുടെ ഫോട്ടോ കാണുന്ന ഒരു കാഴ്ചക്കാരന്റെ ശ്രദ്ധ നമ്മുടെ പ്രധാന വിഷയത്തിൽ നിന്നും മാറി പോകാൻ സാധ്യത ഉണ്ട്. (ഇത് എളുപ്പം മനസ്സിലാക്കാൻ ഒരാളുടെ സിംഗിൾ ഫോട്ടോയും അതെ പോലെ കുറെ പേര് ചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോയും താരതമ്യം ചെയ്‌താൽ മതിയാകും.)
അത്തരം അവസരങ്ങളിൽ നമുക്ക് ഈ റൂൾ പ്രയോഗിക്കാം. ഇവിടെ നമ്മുടെ ഫോട്ടോയിലെ പ്രധാന വസ്തുവിനെ അല്ലേൽ പ്രധാന വ്യക്തിയെ മാത്രം നിലനിർത്തി ബാക്കി ഒക്കെയും ഒഴിവാക്കി ഫോട്ടോ എടുക്കുന്നു.

2. Don't Cut Off Limbs (കൈകാലുകൾ മുറിക്കാതിരിക്കുക)
ഫോട്ടോ എടുക്കുമ്പോൾ നമ്മുടെ ഫ്രെയിമിലെ അരികുകൾ കൂടെ ശ്രദ്ധിക്കാം. ചെവിയുടെ പകുതി ഭാഗം കട്ട് ആയി പോകുക, മൃഗങ്ങൾ ആണേൽ അവയുടെ വാല് കട്ട് ആകുക, അതെ പോലെ ഒരു പോർട്രൈറ്റ് ആണ് കൈ പത്തിയുടെ പകുതി മാത്രം കട്ട് ആയി പോകുക തുടങ്ങിയവ പൊതുവെ ഒരു ഫോട്ടോ കാഴ്ചക്കാരന് ഇഷ്ടമാകുന്നത് കുറയാൻ ഇടയാക്കും. ചില നിമിഷങ്ങളിൽ ഈ റൂൾ മറക്കാം എങ്കിലും പൊതുവിൽ ഇത് കൂടെ ശ്രദ്ധിക്കുന്നത് ആവും നല്ലത്.

3. റൂൾ ഓഫ് തേർഡ്
ഒരു ബേസിക് ഫോട്ടോഗ്രാഫി റൂൾ ആണ് റൂൾ ഓഫ് തേർഡ്. ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ എടുക്കുന്ന ഫോട്ടോയെ തിരശ്ചീനവും ലംബവും (horizontal and vertical) ആയ വരകൾ കൊണ്ട് 9 തുല്യ ഭാഗങ്ങൾ ആയി വിഭജിക്കുക എന്നത് ആണ്.

നമ്മുടെ ഫോട്ടോയിൽ ഇതുപോലെ ഒരു സാങ്കൽപ്പിക ലൈൻ വരച്ചാൽ ഇതിൽ ഏതേലും ഒരു ലൈനിലോ അല്ലേൽ ലൈനുകൾ കൂട്ടി മുട്ടുന്ന പോയിന്റുകളിലോ നമുക്ക് വേണ്ട പ്രധാന സബ്ജക്ട് വരുന്നത് പോലെ ഫോട്ടോ എടുക്കുക എന്നത് ആണ് ഈ റൂൾ. കൂടുതലായും ലാൻഡ്‌സ്‌കേപ്പ് ഫോട്ടോകളിൽ ആണ് ഇത് ഉപയോഗിക്കാറുള്ളത്.

4. The Rule of the Horizon Line (ഹൊറൈസൺ ലൈനിന്റെ നിയമം)
ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിയിൽ പറയുന്ന മറ്റൊരു റൂൾ ആണ് The Rule of the Horizon Line. നമ്മൾ എടുക്കുന്ന ദൃശ്യത്തെ തിരശ്ചീനമായി (Horizontal) 2 ലൈനുകൾ കൊണ്ട് മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിക്കുകയാണെങ്കിൽ, ചക്രവാളം (Horizon) ഷോട്ടിനെ വിഭജിക്കുന്ന രണ്ട് വരികളിൽ ഒന്നിനടുത്തായിരിക്കണം.

5. Use Frames (ചിത്രത്തിനകത്തെ ഫ്രെയിമുകൾ)
കാഴ്ചക്കാരന്റെ ശ്രദ്ധയെ പെട്ടെന്ന് നമ്മുടെ പ്രധാന സബ്ജക്റ്റിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഒന്ന് ആണ് ഫോട്ടോയുടെ ഉള്ളിലെ ഫ്രെയിമുകൾ. നമ്മുടെ പ്രധാന സബ്ജെക്റ്റിനു കുറച്ചു കൂടെ ഡെപ്ത് നൽകാൻ അത് സഹായിക്കും. ആർച്ച്, ബ്രിഡ്ജ് (പാലങ്ങൾ), മരങ്ങളുടെ ശാഖകൾ തുടങ്ങി എന്തും നമുക്ക് ഫ്രെയിം ആയി ഉപയോഗിക്കാം.

6. Lead In Lines / Shapes (ലീഡ് ഇൻ ലൈൻസ് / ഷേയ്പ്സ്)
വരകളിലൂടെയോ (ലൈൻ) അതെ പോലെ ആകൃതികളിലൂടെയോ (ഷേപ്പ്) ഒരു കാഴ്ചക്കാരന്റെ കണ്ണുകളെ പ്രധാന സബ്ജെക്ടിലേക്ക് നയിക്കുന്നതിന് വേണ്ടി ആണ് ഈ റൂൾ നമ്മൾ ഉപയോഗപ്പെടുത്തുന്നത്. അതിനായി നമുക്ക് ഒരു പാലത്തിന്റെ കൈ വരികൾ, റയിൽവേ ലൈനുകൾ, തോട്, പാടവരമ്പ് തുടങ്ങി പലതും ഉപയോഗപ്പെടുത്താം.

7. ലളിതമാക്കുക - നിങ്ങളുടെ ഫോക്കസ് അറിയുക
നമ്മൾ എടുക്കുന്ന ഒരു ഫോട്ടോയിൽ ധാരാളം സബ്ജെക്റ്റുകൾ ഒരേ പ്രാധാന്യത്തിൽ ഉണ്ടെങ്കിൽ ഒരു കാഴ്ചക്കാരന്റെ കണ്ണുകൾ ഏതേലും ഒരു പോയിന്റിൽ ശ്രദ്ധ കൊടുക്കാൻ കഷ്ടപ്പെടും. അങ്ങനെ വരുമ്പോൾ അതൊരു ചെറിയ മടുപ്പ് ആണ് ആദ്യം തന്നെ അയാളിൽ ഉണ്ടാക്കുക. അത് കൊണ്ട് തന്നെ ഏതിനാണോ പ്രാധാന്യം കൊടുക്കേണ്ടത് അവിടെ ഫോക്കസ് ചെയ്യാൻ ശ്രദ്ധിക്കുക. അതോടൊപ്പം അനാവശ്യമായ വസ്തുക്കളെ അല്ലേൽ വ്യക്തികളെ ഒഴിവാക്കി പടം എടുക്കാൻ ശ്രദ്ധിക്കുക

8. ബാക്ക്ഗ്രൗണ്ട്
ഫോട്ടോ എടുക്കുന്ന സമയം ഫോട്ടോയിലെ പ്രധാന സബ്ജെക്ടിനു ഒപ്പം ബാക്ക്ഗ്രൗണ്ട് കൂടെ ശ്രദ്ധിക്കുക. നമ്മുടെ പ്രധാന സബ്ജെക്ടിനെക്കാൾ കൂടുതൽ നിറങ്ങളോ പാറ്റേണുകളോ പിറകിൽ ഉണ്ട് എങ്കിൽ നമ്മുടെ സബ്ജക്ടിനു കിട്ടുന്ന പ്രാധാന്യം കുറയാൻ ഇടയുണ്ട്. അതോടൊപ്പം ബാക്ക്ഗ്രൗണ്ട് ഔട്ട് ഓഫ് ഫോക്കസ് ചെയ്യാൻ ഡി എസ് എൽ ആർ ആണ് എങ്കിൽ കഴിയുന്ന അത്രയും വൈഡ് അപ്പേർച്ചർ ഉപയോഗിക്കാം. അതെ പോലെ കൂടുതൽ ഫോക്കൽ ലെങ്ത് ഉള്ള ലെന്സുകളും. ഇനി കോംപാക്ട് കാമറ ഒക്കെ ആണ് എങ്കിൽ പോർട്രൈറ്റ് മോഡ് തിരഞ്ഞെടുക്കാം.

9. റൂൾ ഓഫ് സിമെട്രി / പാറ്റേൺ
ഫോട്ടോ എടുക്കുമ്പോൾ ആവർത്തിക്കുന്ന ഒരു പാറ്റേൺ ഉപയോഗിച്ച് നിങ്ങളുടെ ഫ്രെയിം നിറയ്ക്കുന്നത് ഷോട്ടിന് കൂടുതൽ ഇമ്പാക്ട് നൽകും. ഉദാഹരണത്തിന് സ്ട്രീറ്റിൽ ഉള്ള തെരുവ് വിളക്കുകൾ, പോസ്റ്റുകൾ, റെയിൽവേ ട്രാക്കുകൾ..
ഈ റൂൾ നമുക്ക് മൂന്നായി തിരിക്കാം. ഒന്ന് ഹൊറിസോണ്ടൽ സിമെട്രി (Horizontal symmetry) , വെർട്ടിക്കൽ സിമെട്രി (Vertical symmetry) , റേഡിയൽ സിമെട്രി (Radial symmetry)
a) Horizontal symmetry
ഒരു ഫോട്ടോയെ രണ്ടായി ഭാഗിച്ചാൽ മേലേയും താഴെയും ഒരേ പോലെ വരുന്നതിനെ ആണ് ഈ വിഭാഗത്തിൽ പെടുത്തുന്നത്. ഉദാഹരണത്തിന് റിഫ്‌ളക്‌ഷൻ പോലെ ഉള്ളവ.
b) Vertical symmetry
ഒരു ഫോട്ടോയെ രണ്ടായി ഭാഗിച്ചാൽ ഇടതും വലതും ഒരേ പോലെ വരുന്നവ ആണ് ഈ വിഭാഗം. വിവാഹം പോലെ ഉള്ള ചടങ്ങുകളിൽ വധൂ വരന്മാരെ നടുക്ക് നിർത്തി രണ്ടു ഭാഗങ്ങളിൽ ആയി അതിഥികളെ നിർത്തി ഫോട്ടോ എടുക്കുന്നത് നിങ്ങൾ ചിലപ്പോൾ ശ്രദ്ധിച്ച് കാണും
c) Radial symmetry
ഒരു കേന്ദ്രത്തിൽ നിന്നും ഉള്ള വികിരണങ്ങൾ പോലെ ഉള്ളവ. ഉദാഹരണത്തിന് സൈക്കിൾ ടയർ, പൂവിന്റെ ദളങ്ങൾ, ഒരു കുളത്തിലേക്ക് കല്ലിട്ടാൽ ഉണ്ടാകുന്ന വൃത്താകൃതിയിൽ ഉള്ള അലകൾ പോലെ ഉള്ളവ.

10. റൂൾ ഓഫ് നെഗറ്റീവ് സ്പേസ്
നമ്മൾ എടുക്കുന്ന ഫോട്ടോയിൽ പ്രധാന സബ്ജെക്ടിനു പ്രാധാന്യം കിട്ടുന്നതിന് ഈ റൂൾ ഉപയോഗിക്കാം. ഒരു ശൂന്യമായതോ അല്ലേൽ ഫ്രയിമിൽ ഇഴുകി ചേർന്നതോ ആയ ബാക്ക്ഗ്രൗണ്ടിൽ ഒരു ചെറിയ ഭാഗത്തു മാത്രം ആയിരിക്കും നമ്മുടെ പ്രധാന സബ്ജെക്ട്. ഉദാഹരണത്തിന് ആകാശം, പുല്ല്, വെള്ളം എന്നിങ്ങനെയുള്ള ചിത്രത്തിന്റെ വലിയ സമതലങ്ങൾക്കിടയിൽ ചെറുതായി നമ്മുടെ പ്രധാന സബ്ജെക്ട് വരുന്ന പോലെ.
പ്രധാന സബ്ജെക്ട്നു ചുറ്റുമുള്ള പ്രദേശങ്ങൾ സബ്ജെക്റ്റുമായി ഇഴുകി ചേർന്നിരിക്കുമ്പോൾ ഒരു നെഗറ്റീവ് സ്പേസ് ഇമേജ് സംഭവിക്കുന്നു. അവ മിക്കവാറും പശ്ചാത്തലത്തിൽ കൂടിച്ചേരുന്നു. ഇത് വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്നു.
ഒരു ചിത്രത്തിലെ നെഗറ്റീവ് സ്പേസ് ഒരു ശൂന്യമായ പ്രദേശമോ വൈറ്റ് സ്പേസോ ആയിരിക്കണമെന്നില്ല. നെഗറ്റീവ് സ്പേസ് ഏരിയയിൽ മറ്റു സബ്ജെക്റ്റുകൾ ഉണ്ടാകാം, പക്ഷേ അവ ഒരിക്കലും പ്രധാന വിഷയങ്ങളുടെ അത്രയും പ്രാധാന്യം നൽകുന്ന പോലെ ആകരുത് എന്ന് മാത്രം.

ഈ ഫോട്ടോഗ്രാഫി റൂളുകളിൽ പലതും അറിഞ്ഞും അറിയാതെയും നമ്മുടെ ഫോട്ടോകളിൽ വരുന്നുണ്ടാകാം. അത് പോലെ തന്നെ കുറെ കൂടെ അറിവുകൾ നേടി കഴിയുമ്പോൾ നമുക്ക് ഈ റൂൾ പാലിക്കാതെ ചിത്രങ്ങൾ എടുക്കാനും കഴിയും. അത്തരം അവസ്ഥകളിൽ കരുത്തുറ്റ ഉള്ളടക്കം നമ്മുടെ ചിത്രങ്ങളിൽ ഉണ്ടാകണം എന്ന് മാത്രം.
- Sam Snapz




Comments