top of page

SAM

SNAPZ

പാർട്ട് 6 - ബട്ടണുകൾ


ree

ക്യാമറയെ കുറിച്ചും ലെൻസുകളെ കുറിച്ചും അപ്പർച്ചർ, ഷട്ടർ സ്പീഡ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചും നമ്മൾ മുൻ പോസ്റ്റുകളിൽ മനസ്സിലാക്കിയല്ലോ.. ഇന്ന് ഇതിന്റെ ഒക്കെ നിയന്ത്രണം എങ്ങനെ എന്ന് നമുക്ക് ഒന്ന് നോക്കാം അല്ലെ? ഒരു ക്യാമറ കാണുമ്പോൾ അതിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നവ ആണ് അതിലെ ബട്ടണുകൾ. ഇതിന്റെ ഒക്കെ ഉപയോഗം എന്താ എന്നും എങ്ങനെ എന്നും നമുക്ക് ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാലോ.. അതിന്റെ തുടക്കം എന്ന നിലയ്ക്ക് നമ്മൾ ഇന്നിവിടെ പറയാൻ ഉദ്ദേശിക്കുന്ന വിഷയം ആണ് ക്യാമറ മോഡുകൾ.. ക്യാമറയിൽ വൃത്താകൃതിയിൽ ഉള്ള ഒരു ഡയൽ നമുക്ക് ഒക്കെ പരിചിതം ആണ്. ഉപയോഗിച്ചിട്ടില്ലാത്ത ആളുകൾ പോലും കണ്ടു കാണും. നമ്മുടെ ക്യാമറയിലെ മോഡുകൾ തിരഞ്ഞെടുക്കാൻ ഉള്ള ബട്ടൺ ആണ് ഇവ. നമ്മൾ ഒരു ചിത്രം എങ്ങനെ പകർത്തണം എന്ന് ക്യാമറയെ അറിയിക്കുന്നത് ഈ മോഡുകളുടെ തിരഞ്ഞെടുപ്പ് വഴി ആണ് . ആദ്യം അവ ഏതൊക്കെ എന്നും അതിന്റെ ഉപയോഗം എങ്ങനെ ഒക്കെ എന്നും നമുക്ക് ഒന്ന് നോക്കാം അല്ലെ..? അടിസ്ഥാനപരമായി ഈ ക്യാമറ മോഡുകളെ നമുക്ക് രണ്ടായി തിരിക്കാം.

1.ബേസിക് മോഡ് 2.അഡ്വാൻസ്ഡ് മോഡ്



ree

1.ബേസിക് മോഡ്


മിക്കവാറും എല്ലാ ക്യാമറകളിലും നമുക്ക് ബേസിക് ആയ കുറച്ചു മോഡുകൾ കാണാൻ കഴിയും. ഇവിടെ ഒരു ഫോട്ടോയുടെ color, contrast, white balance, shutter speed, aperture, ISO തുടങ്ങി എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് നമ്മുടെ ക്യാമറ തന്നെ ആണ്.

പൊതുവായി കാണപ്പെടുന്ന പ്രധാന ബേസിക് മോഡുകൾ ഏതൊക്കെ എന്ന് നമുക്ക് ഒന്ന് അറിയാൻ ശ്രമിക്കാം


Auto Mode : പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഫോട്ടോ എടുക്കുമ്പോൾ വെളിച്ചം, ഷട്ടർസ്പീഡ് തുടങ്ങി എല്ലാ കാര്യങ്ങളും ക്യാമറ തന്നെ സെറ്റ് ചെയ്യുകയും ക്യാമറയുടെ ബുദ്ധി അനുസരിച്ചു നമുക്ക് ഒരു ഫോട്ടോ എടുത്ത് തരികയും ചെയ്യുന്നു. ഇന്റലിജന്റ് ഓട്ടോ മോഡ് എന്നൊന്ന് പുതിയ ക്യാമറകളിൽ നമുക്ക് കാണാൻ കഴിയും.. നമ്മുടെ ഫോട്ടോ എന്തെന്നു മനസ്സിലാക്കി അതിനനുസരിച്ചു സെറ്റിങ്ങ്സുകൾ ക്യാമറ സ്വയം കൺട്രോൾ ചെയ്യുകയും തരക്കേടില്ലാത്ത ഫോട്ടോകൾ നമുക്ക് സമ്മാനിക്കുകയും ചെയ്യുന്നു. Portrait Mode : നമ്മൾ ഈ ഒരു മോഡ് തിരഞ്ഞെടുക്കുമ്പോൾ ക്യാമറ ആളുകളുടെ ഫോട്ടോകൾ എടുക്കാൻ സ്വയം തയ്യാറാകുകയും അവ്യക്തമായ ചിത്രങ്ങൾ തടയാൻ കൂടിയ ഷട്ടർ വേഗത, ലൈറ്റ് കുറവാണെങ്കിൽ ഫ്ലാഷ് ഓൺ ചെയ്യുക തുടങ്ങി ഒരു പോർട്രെയ്റ്റിന് വേണ്ട രീതിയിൽ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നു. Landscape Mode : പ്രകൃതി ദൃശ്യങ്ങൾ പകർത്താൻ പോകുന്നു എന്ന് ഈ മോഡ് തിരഞ്ഞെടുക്കുന്നതിലൂടെ നമ്മൾ ക്യാമറയെ അറിയിക്കുന്നു. അതോടെ വിശദമായ കളർ, കൂടിയ depth of field തുടങ്ങി ഒരു ലാൻഡ്‌സ്‌കേപ്പ് ഫോട്ടോയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ ക്യാമറ സ്വയം നടത്തുന്നു.പലപ്പോഴും കുറഞ്ഞ ഷട്ടർസ്പീഡ് ക്യാമറ സെറ്റ് ചെയ്യുന്നത് കാരണം ഷാർപ് ആയ ചിത്രങ്ങൾ എടുക്കാൻ ട്രൈപോഡ് പോലുള്ളവയെ ആശ്രയിക്കേണ്ടതായും വരുന്നു. Close-up Mode: പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ക്യാമറയുടെ തൊട്ടടുത്ത് നിൽക്കുന്ന ഒബ്ജക്റ്റുകൾ പകർത്താൻ ഈ ഒരു മോഡ് ഉപയോഗിക്കുന്നു. വ്യത്യസ്തമായ ക്യാമറ നിർമാതാക്കൾ ഇതിനെ വ്യത്യസ്തമായി നിർവചിക്കുന്നു. നിക്കോൺ ഈ മോഡിൽ ചെറിയ അപർച്ചർ സെറ്റ് ചെയ്യുന്നത് വഴി വലിയ depth of field ലഭിക്കുമെന്ന് അവകാശപ്പെടുമ്പോൾ കാനൻ വൈഡ് അപർച്ചർ സെറ്റ് ചെയ്തു ബാക്ക്ഗ്രൗണ്ട് blurred ആയ ചിത്രങ്ങൾ ലഭിക്കുമെന്ന് അവകാശപ്പെടുന്നു.



ree

2.അഡ്വാൻസ്ഡ് മോഡ്


അഡ്വാൻസ്ഡ് മോഡുകളിൽ ഒരു ഫോട്ടോഗ്രാഫർക്ക് ഏത് മോഡ് തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ച് ഏതെങ്കിലുമൊരു തരത്തിലുള്ള എക്സ്പോഷർ ചോയ്സുകളിൽ കൂടുതൽ കൺട്രോൾ ലഭ്യമാക്കുന്നു. ഇതുകൂടാതെ, picture styles, വൈറ്റ് ബാലൻസ്, മറ്റ് സജ്ജീകരണങ്ങൾ എന്നിവ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ട്.

അഡ്വാൻസ്ഡ് മോഡുകളെ നമുക്ക് ഒന്ന് അറിയാൻ ശ്രമിക്കാം.

Program Mode (P) : ഓട്ടോ മോഡിനോട് സാമ്യം പുലർത്തുന്ന എന്നാൽ ഇത്തിരി കൂടി ഫോട്ടോഗ്രാഫറുടെ പക്ഷം ചേർന്ന് നിൽക്കുന്ന മോഡ് ആണ് പ്രോഗ്രാം മോഡ്. ഈ മോഡിൽ ISO, aperture, and shutter speed ഒക്കെ ക്യാമറ തന്നെ നമുക്കായി സെറ്റ് ചെയ്യുന്നു. കണ്ടിട്ട് ഓട്ടോ മോഡ് പോലെ തോന്നുന്നുണ്ട് അല്ലെ? പക്ഷെ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്. പ്രോഗ്രാം മോഡിൽ, ആവശ്യമുള്ള വൈറ്റ് ബാലൻസ്, ആവശ്യമായ picture style, എക്സ്പോഷർ മാറ്റാനുള്ള കഴിവ് എന്നിവയുമുണ്ട്, അതിനാൽ ക്യാമറ ഷട്ടർ സ്പീഡ് അല്ലെങ്കിൽ അപ്പേർച്ചർ തിരഞ്ഞെടുത്താൽ വേണമെങ്കിൽ, നിങ്ങൾക്ക് ആ ക്രമീകരണം മാറ്റാം, ക്യാമറ അതിനു അനുസരിച്ചു മറ്റുള്ളവ സ്വയം ക്രമീകരിക്കും. Aperture Priority Mode : കാനൻ ക്യാമറകളിൽ Av എന്ന ലെറ്ററുകൾ, മറ്റുള്ളവയിൽ A ലെറ്ററും ഈ മോഡ് സൂചിപ്പിക്കുന്നു. എന്താണ് അപ്പർച്ചർ പ്രിയോറിറ്റി മോഡ്?

കൃത്യമായി പറഞ്ഞാൽ - ആവശ്യമുള്ള അപ്പേർച്ചർ തിരഞ്ഞെടുക്കാൻ ഉള്ള കൺട്രോൾ ഇവിടെ ഒരു ഫോട്ടോഗ്രാഫർക്ക് ലഭ്യമാണ്. നമ്മൾ നമുക്ക് വേണ്ട അപ്പർച്ചർ തിരഞ്ഞെടുക്കുമ്പോൾ ശരിയായ എക്സ്പോഷർ നേടുന്നതിനായി ക്യാമറ അനുയോജ്യമായ ഷട്ടർ സ്പീഡ് സ്വയം സജ്ജമാക്കുന്നു.


ഒരു ഐഎസ്ഒ സെറ്റ് ചെയ്യുവാനും നമ്മൾ ശ്രദ്ധിക്കണം എന്ന് മാത്രം. പല ക്യാമറകളിലും ഇപ്പോൾ ഒരു ഓട്ടോമാറ്റിക് ഐഎസ്ഒ സംവിധാനം കാണാം. അവിടെ ക്യാമറ സ്വയം ഐഎസ്ഒ തെരഞ്ഞെടുത്തുകൊള്ളും.

ഈ മോഡ് എന്തിനു എങ്ങനെ ഉപയോഗിക്കുന്നു ?

നമ്മൾ ഒരു ലാൻഡ്സ്കേപ്പ് ചിത്രീകരിച്ചാൽ, നമുക്ക് മുഴുവൻ ഏരിയയും ഫോക്കസ് ചെയ്യണം, അതിനാൽ അത് നേടുന്നതിന് f / 16 പോലുള്ള ഒരു ചെറിയ അപ്പേർച്ചർ നമ്മൾ സെറ്റ് ചെയ്യുന്നു. അവിടെ കൃത്യമായ എക്സ്പോഷറിന് ക്യാമറ ഉചിതമായ ഷട്ടർ സ്പീഡ് സ്വയം തിരഞ്ഞെടുക്കുന്നു. ക്യാമറ തിരഞ്ഞെടുക്കുന്ന ഷട്ടർ സ്പീഡിനെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടായിരിക്കണം, സ്മാര്ട്ട് ഷട്ടർ സ്പീഡി അത്യാവശ്യമാണെങ്കിൽ ക്യാമറ നിലനിർത്താൻ നിങ്ങൾക്ക് ഒരു ട്രൈപോഡ് ആവശ്യമായി വരും. Shutter Priority Mode : കാനൻ ക്യാമറകളിൽ Tv എന്ന ലെറ്ററുകൾ, മറ്റുള്ളവയിൽ S ലെറ്ററും ഈ മോഡ് സൂചിപ്പിക്കുന്നു. അപ്പെർച്വർ പ്രിയോറിറ്റി മോഡിന്റെ വിപരീതമാണ് ഈ മോഡ്. ഇവിടെ നമ്മൾ ഷട്ടർ സ്പീഡ് തിരഞ്ഞെടുക്കുന്നു, ക്യാമറ ശരിയായ എക്സ്പോഷർ നൽകുന്നതിനായി ഉചിതമായ aperture സജ്ജമാക്കുന്നു. ഓർമ്മിക്കുക, എക്സ്പോഷർ ശരി ആണോ എന്ന് ഉറപ്പുവരുത്തുന്നതിന് ISO സെറ്റ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ AUTO ISO തിരഞ്ഞെടുക്കുക.


ചലിക്കുന്ന വസ്തുക്കളുടെ ചിത്രമെടുക്കാൻ ഒരു പ്രത്യേക ഷട്ടർ സ്പീഡ് ഉപയോഗിക്കണമെന്ന് നമുക്ക് അറിയാമെങ്കിൽ ഷട്ടർ പ്രിയോറിറ്റി മോഡ് വളരെ പ്രയോജനകരമാണ്. ഉദാഹരണത്തിന്, സ്പോർട്സ് ചിത്രങ്ങൾ പകർത്തുകയാണ് ചെയ്യുന്നതെങ്കിൽ, ആ ദൃശ്യത്തെ ഫ്രീസ് ചെയ്യണമെങ്കിൽ വളരെ ഉയർന്ന ഷട്ടർ സ്പീഡ് വേണം എന്ന് നമുക്ക് അറിയാം. അത്തരം സാഹചര്യങ്ങളിൽ നമ്മൾ 1 / 500th (അല്ലെങ്കിൽ കൂടുതൽ വേഗത്തിൽ) ഒരു ഷട്ടർ സ്പീഡ് സെറ്റ് ചെയ്യുന്നു, ഒപ്പം ക്യാമറ അതിനുള്ള എക്സ്പോർട്ട് നൽകുന്നതിന് അപ്പേർച്ചർ സ്വയം തിരഞ്ഞെടുത്തുകൊള്ളും. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട മോഡ് ആണ് അടുത്തതായി പറയാൻ ഉള്ളത്.


Manual Mode : M എന്ന ലെറ്റർ ഉപയോഗിച്ച് പൊതുവിൽ സൂചിപ്പിക്കുന്നു. ഷട്ടർ സ്പീഡ്, അപ്പേർച്ചർ എന്നീ രണ്ട് രീതികളും പരസ്പരം സ്വതന്ത്രമായി മാറ്റുന്നതിന് മാനുവൽ മോഡ് നമ്മെ അനുവദിക്കുന്നു. ക്യാമറ സ്വയം ക്രമീകരണങ്ങളൊന്നും തന്നെ നടത്തുന്നില്ല. നമ്മുടെ ക്യാമറയിലെ built-in light meter വഴി നമുക്ക് എക്സ്പോഷർ ധാരണ കിട്ടും എങ്കിലും നമ്മൾ സൃഷ്ടിക്കുന്ന ഇമേജിനായി നമുക്ക് വേണ്ട എക്സ്പോഷർ നേടുന്നതിന് ഷട്ടർ, അപ്പേർച്ചർ എന്നിവ ക്രമീകരിക്കാനുള്ള പൂർണ്ണ നിയന്ത്രണം ഈ മോഡ് നമുക്ക് തരുന്നുണ്ട്. നിങ്ങൾ മാനുവൽ മോഡ് ഉപയോഗിയ്ക്കുന്നതിനു മുമ്പ് എക്സ്പോഷർ ട്രയാങ്കിൾ (ഷട്ടർ സ്പീഡ്, അപ്പെർച്ചർ, ഐഎസ്ഒ) എന്നിവയെ പറ്റി കുത്യമായ ധാരണ നമുക്ക് ഉണ്ടായിരിക്കണം.

ക്രീയേറ്റീവ് ആയി ഫോട്ടോ എടുക്കാൻ ക്യാമറയുടെ പൂർണമായ കൺട്രോൾ നമ്മെ സഹായിക്കും. അത്തരത്തിൽ ക്യാമറയിലെ കാര്യങ്ങൾ ഒക്കെ തന്നെയും ഫോട്ടോഗ്രാഫർക്ക് തിരഞ്ഞെടുക്കാൻ ഈ മോഡ് സഹായിക്കുന്നു. പക്ഷെ മറ്റു മോഡുകൾ ഉപയോഗിക്കുന്നതിനേക്കാൾ അറിവും ഫോട്ടോ എടുക്കുന്ന വസ്തുവിനെ കുറിച്ചുള്ള ധാരണയും ഈ മോഡ് ഉപയോഗിക്കുമ്പോൾ ആവശ്യമാണ് .



- Sam Snapz

Comments


bottom of page