പാർട്ട് 5 - ഷട്ടർ സ്പീഡ്
- Sam Snapz

- Feb 8, 2020
- 2 min read
കഴിഞ്ഞ പോസ്റ്റിലെ അപ്പേർച്ചർ എന്ന വിഷയത്തിന്റെ ബാക്കിയായി ഷട്ടർ സ്പീഡ് എന്നാൽ എന്താണെന്നാണ് നമ്മൾ ഇന്നിവിടെ പറയാൻ ഉദ്ദേശിക്കുന്ന വിഷയം.
എന്താണ് ഷട്ടർ സ്പീഡ് ?
ക്യാമറയുടെ മുന്നിലായി ഉറപ്പിച്ചിരിക്കുന്ന തുറക്കുകയും അടക്കുകയും ചെയ്യാവുന്ന ഒരു വാതിൽ പോലെ പ്രവർത്തിക്കുന്ന സംവിധാനം ആണ് ഷട്ടർ എന്ന് പറയുന്നത്. ക്ലിക്ക് ചെയ്യുമ്പോൾ കേൾക്കുന്ന ശബ്ദം ഈ ഷട്ടർ തുറന്നടയുന്ന ശബ്ദമാണ്.
പേര് പോലെ തന്നെ ഈ ഷട്ടർ തുറന്നടയുന്ന സമയത്തെ നമ്മൾ ഷട്ടർ സ്പീഡ് എന്ന് പറയുന്നു. വെളിച്ചത്തെ എന്തു മാത്രം കടത്തി വിടണം എന്ന് തീരുമാനിക്കുന്നതിൽ ഈ ഷട്ടർ സ്പീഡ് ഒരു പ്രധാന പങ്കു വഹിക്കുന്നു. എന്തു മാത്രം സമയം നമ്മൾ ഷട്ടർ തുറന്നിടുന്നുവോ അത്ര മാത്രം സമയം പ്രകാശം ക്യാമറ സെൻസറിലേക്ക് എത്തിച്ചേരുന്നു.

സ്പീഡ് എന്നത് എപ്പോഴും സമയവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യം ആയതു കൊണ്ട് തന്നെ ഷട്ടർ സ്പീഡ് എന്നതിന്റെ അളവുകോൽ സമയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു സെക്കന്റിന്റെ ഇത്ര അംശം കൊണ്ട് അല്ലേൽ ഒരു സെക്കന്റിന്റെ ഇത്ര സമയം കൊണ്ട് ഷട്ടർ തുറന്നടയുന്നു എന്ന കണക്കിലാണ് ഷട്ടർ സ്പീഡ് നമ്മൾ സൂചിപ്പിക്കുന്നത്. വ്യത്യസ്തങ്ങൾ ആയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരു സെക്കന്റിന്റെ രണ്ടായിരത്തിലോ നാലായിരത്തിലോ ഒന്നു സെക്കൻഡ് മുതൽ അനേകം സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന രീതിയിൽ വരെ ആധുനിക ക്യാമെറകളിൽ ഷട്ടർ സ്പീഡ് സെറ്റ് ചെയ്യാൻ നമുക്ക് കഴിയും.
ആദ്യ പോസ്റ്റുകളിൽ അപ്പേർച്ചർ എന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ f-stop എന്നതിനെ കുറിച്ച് പറയുകയുണ്ടായല്ലോ. അതു പോലെ ഇവിടെ ഷട്ടർ സ്പീഡും നിശ്ചിത സ്കെലുകളിലാണ് പറയാറുള്ളത്. ഇവിടെ ഷട്ടർ സ്പീഡ് എന്നത് സമയവുമായി (time) ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് തന്നെ t-scale എന്ന പേരിലാണ് ഷട്ടർ സ്പീഡ് സ്കെലിലെ ഓരോ പോയിന്റുകളും അറിയപ്പെടുന്നത്. ഫുൾ സ്റ്റോപ്പ് സ്കെയിൽ, 1/3 സ്റ്റോപ്പ് സ്കെയിൽ, 1/2 സ്റ്റോപ്പ് സ്കെയിൽ എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഷട്ടർ സ്റ്റോപ്പ് സ്കെലുകൾ ആധുനിക ക്യാമെറകളിൽ കാണാം.
ഒരു സ്റ്റാൻഡേർഡ് ഫുൾ സ്റ്റോപ്പ് സ്കെലിലെ നമ്പറുകൾ ഇവയാണ്.
1 sec , 1/2 sec, 1/4 sec, 1/8 sec, 1/15 sec, 1/30 sec, 1/60 sec, 1/125 sec, 1/250 sec, 1/500 sec,1/1000 sec, 1/2000 sec
ഒരു സെക്കന്റിന്റെ ഇത്രയിൽ ഒരു അംശം എന്നതാണ് ഈ നമ്പറുകൾ സൂചിപ്പിക്കുന്നത്. ആധുനിക ക്യാമെറകളിൽ ഇവിടെ ഈ പറഞ്ഞതിലും താഴെയായി 2, 4, 8 സെക്കന്റുകളിൽ തുടങ്ങി ഒരുപാട് നേരം ഷട്ടർ തുറന്നു വെക്കാവുന്ന സെറ്റിംഗ്സ് (ബൾബ് മോഡ്) വരെ ഇന്നു ലഭ്യമാണ്.

ഷട്ടർ സ്പീഡ് സെറ്റ് ചെയ്യുന്നതിന്റെ ആവശ്യകത എന്ത് ?
ഷട്ടർ സ്പീഡ് എന്താണെന്നും അതിന്റെ അളവുകോൽ എന്താ എന്നുമൊക്കെ നമ്മൾ കണ്ടുവല്ലോ. ഇനി ഇതിന്റെ പ്രാക്ടിക്കൽ വശം കൂടി നമുക്ക് നോക്കാം.
നമ്മൾ എടുക്കുന്ന ഫോട്ടോകൾ എന്നും ഒരേ ഫോട്ടോകൾ അല്ലെന്നു നമുക്ക് അറിയാമല്ലോ. വ്യത്യസ്തങ്ങൾ ആയ വെളിച്ചങ്ങൾ, സാഹചര്യങ്ങൾ, കാഴ്ചകൾ... അങ്ങനെ പലതും ക്യാമെറയിൽ നമ്മൾ ഒപ്പിയെടുക്കുന്നു. അതുകൊണ്ട് തന്നെ ഓരോ സാഹചര്യങ്ങൾക്ക് അനുയോജ്യമായി വെളിച്ചത്തെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണു നമ്മൾ ഷട്ടർ സ്പീഡ് ആവശ്യം അനുസരിച്ചു സെറ്റ് ചെയ്യുന്നത്.
ഉദാഹരണത്തിന് നമ്മൾ ഒരു ചലിക്കുന്ന വസ്തുവിന്റെ ഫോട്ടോ ആണ് എടുക്കുന്നതെന്നു കരുതുക. അത്തരം സമയങ്ങളിൽ ഉയർന്ന ഷട്ടർ സ്പീഡ് സെറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. കാരണം അത്തരം ദൃശ്യങ്ങളെ ഷാർപ്പായി നിശ്ചലമാക്കി ഒപ്പിയെടുക്കാൻ ഉയർന്ന ഷട്ടർ സ്പീഡ് സഹായിക്കുന്നു. ശ്രദ്ധിക്കുക, ഉയർന്ന ഷട്ടർ സ്പീഡിൽ വെളിച്ചം സെന്സറിലേക്ക് കടത്തി വിടുന്നത് കുറവായതു കൊണ്ടുതന്നെ വെളിച്ചം കുറവുള്ള സമയങ്ങളിൽ ISOയും (ISO എന്നാൽ സെന്സറിന്റെ സെന്സിറ്റിവിറ്റിയെ സൂചിപ്പിക്കുന്നു ) അപ്പേർച്ചറും വേണ്ട വിധത്തിൽ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്.
ഇനി നമുക്ക് ഒരു രാത്രി ദൃശ്യം ആണ് ക്യാമെറയിൽ പകർത്തേണ്ടത് എന്നു കരുതുക. അത്തരം അവസരങ്ങളിൽ വെളിച്ചം കുറവായതു കൊണ്ടുതന്നെ കുറഞ്ഞ ഷട്ടർ സ്പീഡുകൾ സെറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. കുറഞ്ഞ ഷട്ടർ വേഗതകളിൽ ഷേക്ക് ആകാനും ഷാർപ്നെസ്സ് നഷ്ടപ്പെടാനും സാധ്യത ഉള്ളതുകൊണ്ട് തന്നെ ട്രൈപോഡ് ഉപയോഗിക്കാനോ അല്ലെങ്കിൽ ക്യാമറ ഏതെങ്കിലും പ്രതലത്തിൽ ഉറപ്പിച്ചു നിർത്താനോ ശ്രദ്ധിക്കേണ്ടതാണ്.

ഈ പറഞ്ഞവ കൂടാതെ ക്രീയേറ്റീവ് ആയ ഫോട്ടോകൾ എടുക്കാൻ, സാഹചര്യങ്ങൾ അനുസരിച്ച്, വ്യത്യസ്തങ്ങളായ സെറ്റിങ്ങ്സുകൾ ഫോട്ടോഗ്രാഫേഴ്സ് ഉപയോഗിക്കുന്നു.
ഷട്ടർ സ്പീഡ് എന്നാൽ എന്താണെന്നും അടിസ്ഥനപരമായ കാര്യങ്ങൾ എന്തൊക്കെ എന്നും ഒരു ഏകദേശ രൂപം കിട്ടിക്കാണും എന്നു വിശ്വസിക്കുന്നു.




Comments